മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ജിദ്ദയിലേക്കു പുറപ്പെട്ട വിമാനം സാങ്കേതിക പ്രശ്നം കാരണം രണ്ടുമണിക്കൂറിനുശേഷം തിരിച്ചിറക്കി. ഇന്നലെ രാവിലെ ഏഴിന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരുവിൽ എത്തുമ്പോഴാണ് സാങ്കേതികത്തകരാർ ശ്രദ്ധയിൽപ്പെട്ടത്.
മംഗളൂരു വിമാനത്താവളത്തിൽ വിമാനം ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ വിമാനം കണ്ണൂർ വിമാനത്താവളത്തിലേക്കു തിരിക്കുകയായിരുന്നു. വിമാനത്താവളത്തിനു മുകളിൽ 20 ഓളം തവണ വട്ടമിട്ട് പറന്ന വിമാനം 9.54 നു കണ്ണൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഒരുമണിക്കൂറോളമാണ് കണ്ണൂരിൽ വിമാനം വട്ടമിട്ട് പറന്നത്. വിമാനത്തിൽ ഇന്ധനം കൂടുതലായതാണ് ലാൻഡിംഗ് നടത്താൻ കഴിയാതെ വന്നതെന്നാണ് വിവരം. 156 പേരാണു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്ക് വിശ്രമിക്കാൻ വിമാന കമ്പനി സൗകര്യം ഒരുക്കിയിരുന്നു. ഉംറയ്ക്ക് പോകുന്നവരാണു കൂടുതലായും വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ മട്ടന്നൂരിലെ വിവിധ ഹോട്ടലുകളിൽ വിശ്രമിക്കാൻ സൗകര്യം ഒരുക്കി.
വിമാനത്തിന്റെ സാങ്കേതിക പ്രശ്നം പരിഹരിച്ചശേഷം രാത്രി എട്ടരയോടെ ജിദ്ദയിലേക്കു പുറപ്പെട്ടു. ജിദ്ദയിലേക്കു പറന്നുയർന്ന വിമാനത്തിനു സാങ്കേതികത്തകരാറുണ്ടായത് യാത്രക്കാരിലും ജനങ്ങളിലും പരിഭ്രാന്തി പരത്തി. വിമാനം പറന്നുയർന്ന് ഒരു മണിക്കൂർ പിന്നിട്ട് രാവിലെ എട്ടോടെ വിമാനം മംഗളൂരുവിൽ എത്തിയപ്പോഴാണ് അനൗൺസ്മെന്റു വഴി യാത്രക്കാർക്ക് വിവരം ലഭിക്കുന്നത്. കണ്ണൂരിൽ വിമാനം എത്തിയപ്പോൾ പല തവണ വട്ടമിട്ടു പറക്കുന്നത് കണ്ടപ്പോഴാണു ജനങ്ങളിൽ പരിഭ്രാന്തിയുണ്ടായത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നറിഞ്ഞതോടെയാണു ഏവർക്കും ആശ്വാസമായത്.